‘സാറാസ്’ ഒരു ഗംഭീര സിനിമയൊന്നുമല്ല, പൊരുത്തക്കേടുകളും വിശ്വാസയോഗ്യമല്ലാത്ത സന്ദർഭങ്ങളും ഏറെയുണ്ട്. എന്നിരുന്നാലും reproductive rights എന്ന ഗൗരവകരമായ വിഷയം ചർച്ച ചെയ്യുന്ന സിനിമ എന്ന നിലയ്ക്ക് ഒരു നല്ല തുടക്കമാണ്. ചർച്ചകളും ചിന്തകളും തിരുത്തലുകളും ഉണ്ടാക്കാൻ ആകുമെങ്കിൽ, പോരായ്മ പരിഹരിച്ച് ഇത്തരം സിനിമകൾ തന്നെയാണ് ഇനിയും ഉണ്ടാകേണ്ടത്.
ഒരു കറി പൗഡർ കമ്പനിയുടെ പേര് എന്തിനായിരിക്കും തന്റെ മൂന്നാമത്തെ ചിത്രത്തിന് ജൂഡ് ആന്തണി ജോസഫ് തിരഞ്ഞെടുത്തത് എന്നാണ് 'സാറാസ്' എന്നുകേട്ടപ്പോൾ ആദ്യം തോന്നിയത്. ഫസ്റ്റ്‌ലുക്ക് പോസ്റ്ററിൽ ഒരു മത്തങ്ങ കൈയ്യിലേന്തി നിൽക്കുന്ന അന്ന ബെന്നിനെ കണ്ടപ്പോൾ ഓർത്തതും What's cooking എന്നാണ്. പക്ഷെ സാറയുടേത് എന്നർത്ഥം വരുന്ന സാറാസ് സംസാരിച്ചത് മുഴുവൻ ഒരു സ്ത്രീയെക്കുറിച്ചാണ് - അവളുടെ അവകാശങ്ങൾ, സ്വപ്നങ്ങൾ, സന്തോഷം, അവളവളെക്കുറിച്ചുള്ള (പ്രയോഗത്തിന് കടപ്പാട് മറ്റൊരു സാറയോട്, സാറ ടീച്ചറോട്) തീരുമാനങ്ങൾ എന്നിവയെക്കുറിച്ചാണ്. ഒരു പ്രോ-ചോയ്‌സ് സിനിമയാണ് സാറാസ്; ഗർഭധാരണത്തിൽ ഒരു സ്ത്രീയുടെ ചോയ്‌സ് എന്ന വിഷയമാണ് സിനിമയെ വേറിട്ടതാക്കുന്നത്.
പ്രത്യുത്പാദനവുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ മലയാള സിനിമ സ്ത്രീകളെ പാട്രണൈസ് ചെയ്തു കണ്ട ശീലമില്ല നമുക്ക്. ഗർഭച്ഛിദ്രത്തെ കൊലപാതകമായും അമ്മ/അച്ഛൻ ആകാതിരിക്കൽ ക്രൈമും ആയാണ് സ്‌ക്രീനിലും പുറത്തും കണ്ടുപോരുന്നത്. എന്തിന്, പാരൻറിങ് എന്നതിന് തത്തുല്യമായ ഒരു വാക്ക് പോലുമില്ല ഭാഷയിൽ.
1985ലെ 'അവിടത്തെപ്പോലെ ഇവിടെയും' എന്ന സേതുമാധവൻ ചിത്രത്തിൽ പ്രസവിക്കേണ്ട എന്ന തീരുമാനത്തെത്തുടർന്ന് ഗർഭനിരോധനഗുളിക ഉപയോഗിക്കുന്ന നീലിമ പ്രതിനായികയാണ്. 2009ലെ അക്കു അക്ബറിൻറെ 'കാണാക്കണ്മണി' എന്ന ചിത്രത്തിൽ ഭ്രൂണം പ്രേതമായി വന്ന് തന്നെ നശിപ്പിച്ച മാതാപിതാക്കളെ വേട്ടയാടുകയാണ്. എന്നാൽ 2018ലെ അന്താരാഷ്‌ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച നദീൻ ലബാക്കിയുടെ ലെബനീസ് ചിത്രം 'കാപ്പർനോ'മിൽ തൻ്റെ മാതാപിതാക്കൾക്ക് ഇനിയും കുഞ്ഞുങ്ങൾ ഉണ്ടാകരുത് എന്ന് കോടതിയിൽ ആവശ്യപ്പെടുന്ന പന്ത്രണ്ടുകാരനായ സെയിനിനെ വലിയ കരഘോഷം കൊണ്ടാണ് മലയാളി സിനിമാ ആസ്വാദകർ എതിരേറ്റത്. കഴിഞ്ഞ ദിവസം ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത സാറാസിലെത്തുമ്പോൾ ശരി-തെറ്റ് ചർച്ചകൾ തീരുന്നില്ല. തനിക്ക് കുട്ടികൾ വേണ്ട എന്ന തീരുമാനം ചെറുപ്പം മുതൽ തന്നെ കൈക്കൊണ്ടിട്ടുള്ള നായികയെ സെയിനിനെ ആശ്ലേഷിച്ചയത്ര സ്നേഹത്തോടെയല്ല കേരളം എതിരേറ്റത് എന്ന് കാണാം. കാരണം, സാറാസ് പ്രധാനമായി ചർച്ച ചെയ്യുന്നത് മലയാള സിനിമയുടെ ഇന്നേ വരെയുള്ള ചരിത്രത്തിൽ സ്റ്റിഗ്മറ്റയിസ് ചെയ്ത് അവതരിപ്പിക്കപ്പെട്ടിട്ടുള്ള രണ്ടു പ്രധാന വിഷയങ്ങളാണ് -- പ്രത്യുത്പാദനസ്വയംനിർണയാവകാശവും റെസ്പോൺസിബിൾ പാരന്റിംഗും. രണ്ടും കണ്ടും ശ്രമിച്ചും പരിചയമില്ലാത്ത മലയാളി ഞെട്ടൽ സ്വാഭാവികം!
മാതൃത്വത്തെ കാല്പനികവത്കരിച്ചും പ്രകീർത്തിച്ചും ശീലിച്ച, 'എല്ലാവർക്കും ഉണ്ടല്ലോ, അതുകൊണ്ട് ഞങ്ങൾക്കും' എന്ന കാരണം കൊണ്ട് മാത്രം procreate ചെയ്യുകയും ചെയ്യുന്ന ആളുകൾക്കിടയിലേക്കാണ് തിരക്കഥാകൃത്തായ അക്ഷയ് ഹരീഷ് സാറയുടെ കഥ പ്ളേസ് ചെയ്യുന്നത്. തൻ്റെ ആദ്യ സംവിധാന സംരംഭത്തിന്റെ ഒരുക്കവുമായി ബന്ധപ്പെട്ട ഗവേഷണവും ലൊക്കേഷൻ-നിർമാതാവ് അന്വേഷണവുമായി നടക്കുന്ന ഇരുപത്തിയഞ്ചുകാരിയായ സാറയുടെ ആദർശങ്ങളും വീക്ഷണങ്ങളും ചുറ്റുമുള്ളവരുമാണ് സിനിമയിൽ. തൻ്റെ ത്രില്ലർ മോഡിലുളള ചിത്രത്തിനായുള്ള ഗവേഷണത്തിനിടയിൽ കണ്ടുമുട്ടുന്ന ജീവൻ (സണ്ണി വെയിൻ) തന്നെപ്പോലെ കുട്ടികൾ വേണ്ടെന്ന തീരുമാനത്തിലാണ് എന്നറിഞ്ഞ ശേഷം അവർ പ്രണയത്തിലാകുന്നു. തൻ്റെ ആദ്യസിനിമാസ്വപ്നം പൂർത്തീകരിക്കും മുമ്പ് വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്ന ഇരുവരും ആദ്യ ആഴ്ച തന്നെ നേരിടുന്നത് വലിയ സമ്മർദ്ദമാണ്. മതം, നാട്ടുനടപ്പ്, സന്തോഷം എന്നീ conditioned പൊതികൾ കൊണ്ടുമൂടി അവളുടെ cool dad (ബെന്നി പി നായരമ്പലം) ഉൾപ്പടെയുള്ള ബന്ധുക്കൾ സാറയെ പ്രസവത്തിന്റെ ആവശ്യകതെയെപ്പറ്റി 'ബോധവത്കരിക്കാൻ' ശ്രമിക്കുന്നുണ്ട്. അവളോടൊപ്പം നിൽക്കുന്ന ജീവൻ പിന്നീട് ഈ തീരുമാനത്തെച്ചൊല്ലി സഹപ്രവർത്തകർക്ക് മുന്നിലും അമ്മയുടെ (മല്ലികാ സുകുമാരൻ) മുമ്പിലും തൻ്റെ 'പൗരുഷം' ചോദ്യം ചെയ്യപ്പെടുമ്പോൾ പതറുന്നുണ്ട്. ഓർക്കാപ്പുറത്തുണ്ടാകുന്ന ഗർഭം സാറയെ തൻ്റെ തീരുമാനത്തിൽ ഉറച്ചു നിൽക്കാനും ജീവനെ പുനർവിചിന്തനം നടത്താനും പ്രേരിപ്പിക്കുന്നു.
'അടുത്ത അഞ്ജലി മേനോൻ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന സാറ അവളുടെ ശരീരത്തിന്റെ അവകാശികളും സംരക്ഷകരും അവളൊഴികെ മറ്റെല്ലാവരും ആണെന്ന് തിരിച്ചറിയുന്നു. ഒപ്പം, ഒരു accidental pregnancy അഥവാ contraceptive failure ദൈവഹിതമായും കുടുംബത്തിന്റെ സന്തോഷമായും കാണുന്നവർക്കിടയിൽ സാറ തന്റെ സന്തോഷം ആരുടേയും താല്പര്യമല്ല എന്നും. യഥാർത്ഥ പരിസരങ്ങളിൽ അപൂർവങ്ങളിൽ അപൂർവമായ ഒരു ഗൈനക്കോളജിസ്റ്റ് (സിദ്ദിഖ്) സിനിമയിലുണ്ട്. തന്റെ ശരീരം തന്റെ മാത്രം അവകാശമാണ് എന്ന് സാറയോട് വ്യക്തമാക്കുന്ന , ഉത്തരവാദിത്വപ്പെട്ട ചുമതലയായ parenting വളരെ ആലോചനയും ചർച്ചകളും ഒരുക്കങ്ങളും വേണ്ടുന്ന ഒന്നാണ് എന്നും, അതിനുള്ള മനസ്സോ ടാലന്റോ ഇല്ലെന്ന് ബോധ്യമുള്ളവർ സമ്മർദ്ദത്തിന് വഴങ്ങി മോശം രക്ഷാകർത്താക്കളായി മാറരുത് എന്നും ഡോക്ടർ പറയുന്നുണ്ട്.
വിവാഹം, പ്രസവം, ജോലി, കുഞ്ഞുങ്ങളെ പരിപാലിക്കൽ, പ്രസവം നിർത്തൽ എന്നിവയിലെല്ലാം സമൂഹം നിഷ്കർഷിക്കുന്ന അലിഖിത നിയമങ്ങൾ കാലങ്ങളായി പാലിച്ചു പോരാൻ നിര്ബന്ധിക്കപ്പെടുന്ന സ്ത്രീകൾക്ക് തങ്ങളുടെ ബോധ്യങ്ങളെ നിലനിർത്താൻ ഉള്ള തടസ്സങ്ങൾ ധാരാളമാണ്. ഒരു സ്ത്രീ കുട്ടികൾ വേണ്ട എന്ന നിലപാട് സ്വീകരിക്കുമ്പോൾ അതവളുടെ സ്വാർത്ഥതയായും 'മറ്റേ ഫെമിനിസ'മായും വ്യാഖ്യാനിക്കുന്ന സമൂഹം അവളെ ഒരു social trapലാക്കുകയാണ്. അതിൽ വീഴാതിരിക്കാനുള്ള സാറയുടെ ശ്രമങ്ങളാണ് സിനിമയിൽ. Shared responsibilityകളിലൂടെ ജീവിതത്തിൽ തുല്യത പുലർത്തുന്നു എന്ന് കരുതുന്ന ജീവന് മുമ്പിൽ പ്രത്യുൽപാദന അവകാശം ഇല്ലാത്തയിടത്ത് തുല്യതയില്ല എന്നും തൻ്റെ സന്തോഷവും പ്രധാനമാണ് എന്ന് സാറ അടിവരയിടുന്നു. താൻ ജീവിച്ചു തീരുമ്പോൾ തൻ്റെ കാലം അടയാളപ്പെടുത്തേണ്ടത് തന്റെ കലയിലൂടെയാണ് എന്നും കുഞ്ഞുങ്ങളിലൂടെയല്ല എന്നും സാറയ്ക്ക് വ്യക്തതയുണ്ട്.
ജൂഡിന്റെയും അക്ഷയുടെയും ഈ ചിത്രത്തിൽ മറ്റു മേഖലകളിൽ പ്രശസ്തരായ ചിലരെ നടീനടന്മാരായി കാണാം -- പ്രശാന്ത് നായർ IAS, അവതാരക ധന്യാ വർമ്മ, ഒതളങ്ങാത്തുരുത്തിലൂടെ പ്രശസ്തനായ അബിൻ ബിനോ, തുടങ്ങിയവർ. ഓരോ സിനിമ കൊണ്ടും അതിശയിപ്പിക്കുന്ന അന്നയുടെയും മല്ലികയുടെയും സിദ്ധിഖിൻറെയും മികച്ച പ്രകടനങ്ങൾക്കിടയിൽ അല്പമെങ്കിലും പിടിച്ചു നിൽക്കുന്നത് സണ്ണി വെയിനാണ്. നിമിഷ് രവിയുടെ ദൃശ്യങ്ങൾ, ഷാൻ റഹ്മാൻറെ ഈണങ്ങൾ എന്നിവ കഥ പറച്ചിലിനെ സഹായിക്കുന്നുണ്ട്.
പ്രത്യുത്പാദനസ്വയംനിർണയാവകാശത്തിനു പുറമെ സിനിമയിൽ പറഞ്ഞു പോകുന്ന വിഷയങ്ങളിൽ തൊഴിലിടത്തിലെ ലിംഗവിവേചനം, കുടുംബത്തിലെ സ്ത്രീകൾക്ക് പുരുഷന്മാർ 'അനുവദിച്ചു കൊടുക്കുന്ന സ്വാതന്ത്ര്യം' എന്നിവ പ്രത്യക്ഷമായി കാണാമെങ്കിലും പല രംഗങ്ങളും mansplainingലും വൈരുധ്യങ്ങളിലും ഉടക്കി നിൽക്കും. 'ഞാനില്ലെങ്കിൽ കാണാമായിരുന്നു' എന്ന് പറഞ്ഞും പറയാതെയും സാറയുടെ സ്വപ്നങ്ങളുടെ പങ്കു പറ്റുന്ന ആണുങ്ങൾ, വിവാഹം കഴിക്കാൻ മകൾക്ക് ആറു മാസത്തെ deadline കൊടുക്കുന്ന അച്ഛൻ...
പല തരം ദമ്പതികളെ സിനിമയിൽ കാണാം -- എല്ലാവർക്കും അവരവരുടെ ശരികളും തീരുമാനങ്ങളും ജീവിതവുമുണ്ടെന്ന് കാണാം. കുഞ്ഞുങ്ങളെ വളർത്താൻ തന്റെ വിലപ്പെട്ട വർഷങ്ങൾ ത്യജിക്കേണ്ടതില്ല എന്ന് കരുതുന്നവരും, 'കഴിവ്' തെളിയിക്കുന്നവരും, കർത്താവ് തരുന്നത് കൈനീട്ടി വാങ്ങുന്ന ഭർത്താവും, കുട്ടികളുടെ പരിചരണത്തിൽ ആനന്ദം കണ്ടെത്തുന്നവരും, ജോലിയും വീടും ഒരുമിച്ച് കൊണ്ടുപോകാൻ പാടുപെടുന്നവരും, ജോലിയ്ക്കു പകരം കുടുംബം മതിയെന്ന ചോയ്‌സ് മാത്രം ആയിപ്പോയവരുമെല്ലാം ഉണ്ട് സാറാസിൽ. സിനിമയുടെ പക്ഷം പക്ഷെ സാറയുടേതാണ്.
അത്യന്തം സെൻസിറ്റിവ് ആയ ഒരു വിഷയം നാടകീയതയും വൈകാരികതയും ഇല്ലാതെ പറയാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഒന്നാം പകുതിയിലെ ഒതുക്കം പതുക്കെ നഷ്ടപ്പെടുന്നതായും തോന്നി. മെട്രോ നഗരത്തിൽ സുഖലോലുപതയിൽ ജീവിക്കുന്ന സാറയുടെ കഥ ഒരു privileged classൻറെ പരിച്ഛേദം ആയിട്ടാണ് കാണാനാവുക. Tail end പാക്കേജിലെ കഥാപാത്രങ്ങളെ തമാശരൂപേണ അവതരിപ്പിച്ചതും വിഷയത്തിന്റെ ഗൗരവത്തിൽ വിള്ളൽ ഉണ്ടാക്കിയതായി തോന്നി. ഒറ്റവിഷയത്തിൽ ഊന്നിയുള്ള കഥപറച്ചിലിൽ വലിച്ചുനീട്ടൽ അനുഭവപ്പെട്ടു. പലയിടങ്ങളിലും നറേറ്റിവ് അത്ര convincing ആയിരുന്നില്ല. എത്ര സൗകര്യപൂർവമാണ് സാറയുടെ തീരുമാനങ്ങളെ ഒടുക്കം എല്ലാവരും ശരി വയ്ക്കുന്നത്. യഥാർത്ഥജീവിതത്തിൽ അത്രയും തിരിച്ചറിവുകളുള്ള നന്മ നിറഞ്ഞ മനുഷ്യരുണ്ടായിരുന്നെങ്കിൽ എത്ര നന്നായേനെ!
സാറാസ് ഒരു ഗംഭീര സിനിമയൊന്നുമല്ല, പൊരുത്തക്കേടുകളും വിശ്വാസയോഗ്യമല്ലാത്ത സന്ദർഭങ്ങളും ഏറെയുണ്ട്. എന്നിരുന്നാലും reproductive rights എന്ന ഗൗരവകരമായ വിഷയം ചർച്ച ചെയ്യുന്ന സിനിമ എന്ന നിലയ്ക്ക് സാറാസ് ഒരു നല്ല തുടക്കമാണ്. ചർച്ചകളും ചിന്തകളും തിരുത്തലുകളും ഉണ്ടാക്കാൻ ആകുമെങ്കിൽ, പോരായ്മകളെ പരിഹരിച്ച് ഇത്തരം സിനിമകൾ തന്നെയാണ് ഇനിയും ഉണ്ടാകേണ്ടത്.
Published in Truecopy Think on July 8, 2021
